എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ്..? അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയൂ…

സാങ്കേതികമായി പറഞ്ഞാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധാരണ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ കഴിയുന്ന സൂപ്പർ യൂസർ (റൂട്ട് ) പ്രിവിലേജസ് നൽകുന്ന പ്രവൃത്തിയാണു റൂട്ടിംഗ്. മനസിലാക്കാൻ പ്രയാസമുണ്ടോ? താഴെ കുറച്ചു കൂടി ഭംഗിയായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. വായിച്ചു നോക്കൂ.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്പോൾ ചില സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അഡ്മിനിസ്ട്രേറ്റർ പെർമിഷൻ ചോദിക്കാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ സാധാരണ അഡ്‌മിൻ പാസ്‌വേഡുകൾ നൽകി ആ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണല്ലോ പതിവ്. ഇതുപോലെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യുവാൻ ചില പ്രത്യേക മാറ്റങ്ങൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുത്തേണ്ടതുണ്ട്. ഈ പ്രവൃത്തിയാണു റൂട്ടിംഗ്.

മുകളിൽ നൽകിയ വിൻഡോസ് ഉദാഹരണം കൃത്യമായ ഉദാഹരണമല്ലെങ്കിൽ കൂടി നിങ്ങൾക്ക് ആശയം പിടികിട്ടിയെങ്കിൽ വളരെ നല്ല കാര്യം. നിങ്ങളൊരു ഗ്നു/ലിനക്സ് അല്ലെങ്കിൽ മാക് ഉപയോക്താവാണെങ്കിൽ കുറേക്കൂടി എളുപ്പത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാം. നിങ്ങൾക്ക് റൂട്ട് എന്ന പദം സുപരിചിതമായിരിക്കും. അല്ലേ? ലിനക്സിലും മറ്റും ചില കമാന്റുകൾ പ്രവർത്തിക്കണമെങ്കിൽ su എന്നു നൽകി റൂട്ട് പാസ്‌വേഡ് അടിച്ചതിനു ശേഷം കമാന്റുകൾ നൽകാറുണ്ടല്ലോ.

ലിനക്സ് അധിഷ്ഠിതമായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണു ആൻഡ്രോയ്ഡ് എന്നു ഏവർക്കും അറിവുള്ളതാണല്ലോ. പക്ഷെ സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേതുപോലെ റൂട്ട് പെർമിഷൻ നിങ്ങൾക്ക് നേരിട്ടു ലഭിക്കുകയില്ല. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും അതു വാങ്ങുമ്പോൾ തന്നെ അതിൽ ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. അവയിൽ പലതും നിങ്ങൾക്ക് ആവശ്യമായിരിക്കില്ല(ബ്ലോട്ട്‌വെയർ എന്നാണു ഇത്തരം അപ്ലിക്കേഷനുകൾ അറിയപ്പെടുന്നത്). പക്ഷെ അവ അൺ ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയാൽ അതിനു സാധിക്കുകയുമില്ല. ഇങ്ങനെയുള്ള അപ്ലിക്കെഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യാൻ റൂട്ട് പെർമിഷൻ/ അഡ്‌മിനിസ്ട്രേറ്റർ പെർമിഷൻ ആവശ്യമാണു്. അതു പോലെ ഫോണിൽ പുതിയ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും, ഫോൺ മുഴുവനായി ബാക്കപ്പ് എടുക്കുന്നതിനും ഒക്കെ അഡ്‌മിനിസ്ട്രേറ്റർ പ്രിവിലേജസ് ആവശ്യമാണ്

ഒരു ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്തു കഴിഞ്ഞാൽ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും, ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അതു പോലെ ദോഷങ്ങളുമുണ്ട്. ആദ്യം നമുക്ക് ഫോൺ റൂട്ട് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം.

റൂട്ടിംഗ് കൊണ്ടുള്ള ചില പ്രയോജനങ്ങള്‍
————————-
1 . അനാവശ്യമായമായ അപ്ലിക്കേഷൻ ഫോണിൽ നിന്ന് ഒഴിവാക്കി ഫോൺ മെമ്മറി വർദ്ധിപ്പിക്കാം.
2. ഫോൺ മെമ്മറി കൂടുതലായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ മെമ്മറി കാർഡിലേക്കു മാറ്റാം.
3. ഫോണിൽ മലയാളം ഫോണ്ടില്ലാത്തവർക്ക് അതു ഇൻസ്റ്റാൾ ചെയ്യാം. അതുവഴി എല്ലാ അപ്ലിക്കേഷനുകളിൽ നിന്നും മലയാളം വായിക്കാം.

4. കസ്റ്റം റോമുകൾ (CUTOM ROM) ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയ്ഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ന്യൂനതകൾ പരിഹരിച്ച് അവയിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകൾ ഇറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പുകളാണു കസ്റ്റം റോമുകൾ. സ്യാനോജെൻമോഡ്(cyamogenMod), MIUI, എന്നിവ ചില കസ്റ്റം റോമുകളാണു്. ഇവയെക്കുറിച്ച് വിശദമായി പിന്നീട് മറ്റൊരു പോസ്റ്റിലെഴുതാം. ഇവ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്.
5. ഫോണിന്റെ കേർണൽ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും മറ്റും റൂട്ടിംഗ് ആവശ്യമാണു്.

6. ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്. ഉദാഹരണം: Nandroid Manager നിങ്ങളുടെ ഫോണിലുള്ള മുഴുവൻ ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിനു ഈ അപ്ലിക്കേഷൻ സഹായകരമാണു്. പക്ഷെ ഈ അപ്ലിക്കേഷൻ റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. Greenify, Titanium backup, DataSync, Screencast Video recorder, Wireless Tether തുടങ്ങിയ പല അപ്ലിക്കേഷനുകളും റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ പ്രവർത്തിക്കൂ.
7. തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ബൂട്ട് ഇമേജ്/അനിമേഷന്‍ എന്നിവ മാറ്റം വരുത്താം.

റൂട്ടിംഗ് കൊണ്ടുണ്ടാകാന്‍ വഴിയുള്ള പ്രശ്നങ്ങള്‍
————————
1. ഫോണ്‍ വാറണ്ടി നഷ്ടമാകാം. (സാംസംഗ് മോഡലുകളുടെ ഒറിജിനല്‍ ഫേംവെയര്‍ sammobile.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഏതു സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്റ്ററി കണ്ടീഷനിലേക്ക് പോകുവാന്‍ സാധിക്കുന്നതാണ്)

2. സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുന്നതിനാല്‍ നിങ്ങള്‍ അറിയാതെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
3. പൂര്‍ണ്ണമായും മനസിലാക്കാതെ റൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ Hard Brick ആയിപ്പോകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും പൂര്‍ണ്ണമായി മനസിലാക്കി , സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക.