വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ(Duty) അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം?

വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. എല്‍ സി ഡി, എല്‍ ഇ ഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടക്കേണ്ടി വരും.

യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബാഗേജ് ചട്ടങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട് ആനുകൂല്യങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ.

തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം.

യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്.

തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല.

കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി.

തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല.

വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.

 

മലയാളികളുടെ ഇഷ്ടപ്പെട്ട സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗജന്യങ്ങളും നിബന്ധനകളും എന്തൊക്കെ?

കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം.

തീരുവ, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കണം. വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ.

ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം. ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.

 

ഇന്ത്യന്‍, വിദേശ കറന്‍സികള്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതേണ്ടി വരും. ഇതു സംബന്ധിച്ച നിബന്ധനകളും ഇളവുകളും ഇങ്ങനെ:

ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം.
ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം.
വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം.

5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍, ഇത്രയും വിദേശ കറന്‍സി തിരിച്ചു കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയിലെ താമസത്തിനിടെ പരിശോധനയുണ്ടായാല്‍ കസ്റ്റംസിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും കേസ് ഒഴിവാക്കുകയും ചെയ്യാം.
അംഗീകൃത ഏജന്‍സിയില്‍ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാല്‍, എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാര്‍ക്കു വിദേശത്തേക്കു കൊണ്ടുപോകാം

 

തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും

രണ്ടു ലിറ്ററിധികം മദ്യം, വൈന്‍

ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി

എല്‍ഇഡി, പ്ലാസ്മ ടിവി

100 ല്‍ ഏറെ സിഗരറ്റുകള്‍

25ല്‍ ഏറെ ചുരുട്ടുകള്‍

125 ഗ്രാമില്‍ ഏറെ പുകയി

നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട തീരുവ നിരക്ക്:

രണ്ടു ലീറ്റലിധികം ബീയര്‍ – 103%

രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ – 154.5%

ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി – 36.5%

നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില – 103%

എല്‍ഇഡി, പ്ലാസ്മ ‌ടിവിക്ക് തീരുവ ഇളവില്ല; വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനാകില്ല
കണ്ണൂർ∙ വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍, അവര്‍ക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ നിശ്ചിത കാലത്തിനു ശേഷം നാട്ടിലേക്കു വരുമ്പോള്‍ മുഴുവന്‍ ബാഗേജുകളും യാത്രയില്‍ ഒപ്പം കൊണ്ടുവരണമെന്നില്ല. ഇവ കാര്‍ഗോ കോംപ്ലക്‌സിലെ അണ്‍ അക്കംപനീഡ് ബാഗേജ് കേന്ദ്രങ്ങളിലൂടെ നാട്ടിലെത്തിക്കാം. ഇവയാണ് അണ്‍ അക്കംപനീഡ് ബാഗേജുകള്‍ (യുബി). ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് അഥവാ ടിആര്‍ പദ്ധതി പ്രകാരം അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കു തീരുവ ഇളവുകളുണ്ട്.

ഈ ബാഗേജുകള്‍ കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അയയ്ക്കാം. കേരളത്തില്‍ കൊച്ചിയില്‍ കടല്‍മാര്‍ഗവും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വിമാനമാര്‍ഗവും അണ്‍ അക്കംപനീഡ് ബാഗേജുകള്‍ അയയ്ക്കാം. യാത്രക്കാരന്‍ നാട്ടിലെത്തിയ ശേഷമാണെങ്കില്‍ ഒരു മാസത്തിനകം വിദേശത്തു നിന്ന് ബാഗേജ് അയച്ചിരിക്കണം. യാത്രക്കാരന്‍ നാട്ടിലേക്കു വരുന്നതിനു മുന്‍പ് ആണെങ്കില്‍ യാത്രാ തീയതിക്കു തൊട്ടു മുന്‍പുള്ള രണ്ടു മാസത്തിനകം ഇന്ത്യയിലേക്ക് അയച്ചിരിക്കണം. ഈ സമയപരിധിയില്‍ ഇളവു നല്‍കാന്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കും അസി. കമ്മിഷണര്‍ക്കും അധികാരമുണ്ട്.

തീരുവ ആനുകൂല്യം ലഭിക്കുന്ന സാധനങ്ങള്‍ രണ്ടു പട്ടികകളിലായാണു ക്രമീകരിച്ചിരിക്കുന്നത്. എത്രനാള്‍ വിദേശത്തു കഴിഞ്ഞുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോ പട്ടികയിലെയും സാധനങ്ങള്‍ കൊണ്ടുവരാനുള്ള അര്‍ഹത നിശ്ചയിച്ചിരിക്കുന്നത്. പട്ടികകളില്‍ പറയുന്ന സാധനങ്ങളുടെ ഓരോ എണ്ണത്തിനു മാത്രമാണ് ഇളവ്. കുടുംബത്തിലെ ഒരംഗത്തിനു മാത്രമാണ് ഈ ഇളവു ലഭിക്കുക.