മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുന്നതിനു പിന്നിലുള്ള കാരണം ഇതാണ്

ഉറങ്ങുന്ന സമയമൊഴിച്ച് ബാക്കി സമയമെല്ലാം മൊബൈല്‍ ഫോണ്‍ നമ്മുടെ കയ്യിലുണ്ടാകുമല്ലോ. തൊട്ടടുത്ത് ഫോണ്‍ വച്ച് കിടന്നുറങ്ങുന്നവരും കുറവല്ല. ഈ ആധുനിക യുഗത്തില്‍ ഏവരുടെയും സന്തതസഹചാരിയായി മാറിയ മൊബൈല്‍ ഫോണ്‍ ഇത്രയും നാള്‍ റേഡിയേഷന്‍ എന്ന വ്യക്തമായ തെളിവില്ലാത്ത അദൃശ്യഭീഷണിയുടെ മാത്രം നിഴലിലായിരുന്നു. ഇപ്പോഴിതാ പൊട്ടിത്തെറിയും തീപ്പിടിക്കലുമൊക്കെയായി ഫോണ്‍ ആളുകളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെയും തീപ്പിടിച്ചതിന്റെയും വാര്‍ത്തകള്‍ മുമ്പ് വളരെ അപൂര്‍വ്വമായി മാത്രമേ കേട്ടിരുന്നുള്ളൂ. അധികമാരും അതത്ര കാര്യമാക്കിയുമില്ല.

ഗാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കുകയും തീപ്പിടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നമ്മൾ കേട്ടതാണ് . 25 ലക്ഷം ഫോണുകളാണ് കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടി വന്നത്.മാത്രമല്ല, ഈ മോഡലിന്റെ നിര്‍മാണവും കമ്പനി നിര്‍ത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ഗാലക്‌സി നോട്ട് 7 നിരോധിക്കുകയും ചെയ്തിരിക്കുന്നു. പഴയ കാലത്തെ മൊബൈലുകളുടെ വലിപ്പം വലുതായിരുന്നു

പഴയ കാലത്തെ മൊബൈല്‍ ഫോണുകളുടെ വലുപ്പം ഓര്‍ക്കുന്നുണ്ടോ? ഒരു കോഡ്ലെസ്സ് ഫോണിന്റെ വലിപ്പത്തില്‍ നിന്നും ഇന്നത്തെ മെലിഞ്ഞ ഡിസൈനിലേക്ക് എത്താന്‍ ബാറ്ററിയും ഒരു കാരണമാണ്. പഴയ നിക്കല്‍ കാഡ്മിയം, നിക്കല്‍ മെറ്റല്‍ ഹൈഡ്രയ്ഡ് ബാറ്ററികള്‍ക്ക് പകരം, കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കപ്പാസിറ്റിയുള്ള ഭാരം കുറഞ്ഞ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഇന്നത്തെ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നത്.

നിര്‍മ്മാണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടാകുന്ന തകരാര്‍ ഫോണിന്റെ ബാറ്ററിയെ ഒരു ബോംബാക്കി മാറ്റുമെന്നതാണ് സത്യം.എന്നാല്‍ ഗുണനിലവാര പരിശോധനയുടെ പല ഘട്ടങ്ങളില്‍ ഇത്തരം കുഴപ്പക്കാരെ കണ്ടെത്താന്‍ കഴിയും. അതിനാല്‍ അവയൊന്നും നിര്‍മ്മാണശാലയുടെ പടി കടന്നു പുറത്തെത്താറില്ല.എന്റെ ഫോണിനും ആ കുഴപ്പമുണ്ടോ? എന്റെ ഫോണ്‍ സുരക്ഷിതമാണോ എന്നൊക്കെ ചിന്തിച്ച് അന്തംവിട്ടിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

എങ്ങനെയാണ് ഈ ഫോണ്‍ പൊട്ടിത്തെറിക്കുന്നത്?

വിവിധ സെല്ലുകള്‍ ചേരുമ്പോഴാണ് അതിനെ ഒരു ബാറ്ററി എന്ന് പറയുന്നത്. നിശ്ചിത വോള്‍ട്ടജ് കിട്ടുന്നതിന് സാധാരണ ബാറ്ററിക്കുള്ളില്‍ സെല്ലുകളെ ശ്രേണിയില്‍ ബന്ധിപ്പിച്ചിരിക്കും. ഓരോ സെല്ലിലും പോസിറ്റിവ് ഇലക്ട്രോഡും നെഗറ്റിവ് ഇലക്ട്രോഡുമുണ്ട്. ഈ ഇലക്ട്രോഡുകള്‍ സെപ്പറേറ്ററുകള്‍ ഉപയോഗിച്ച് പരസ്പരം കൂട്ടി മുട്ടാതെ സംരക്ഷിച്ചിട്ടുണ്ട്.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററികളിലെ ഇലക്ട്രോലൈറ്റ് നേര്‍പ്പിച്ച സള്‍ഫ്യൂരിക്ക് ആസിഡാണ്. എന്നാല്‍ സീല്‍ഡ് ബാറ്ററികളില്‍ ഇലക്ട്രോലൈറ്റുകള്‍ കുഴമ്പ് രൂപത്തിലോ പൊടി രുപത്തിലോ ആയിരിക്കും. നിര്‍മ്മാണത്തിനിടെയോ ഉപയോഗത്തിലെയോ പോരായ്മ കൊണ്ട് ഇത്തരം സീല്‍ഡ് ബാറ്ററിയില്‍ ‘തെര്‍മല്‍ റണ്‍ എവേ’ സംജാതമാകുമ്പോഴാണ് ചൂട് കൂടുകയും ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്യുന്നത്.

എങ്ങനെ ബാറ്ററി ചൂട് ആവുന്നു ?

ബാറ്ററിക്കുള്ളിലെ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ചൂടുണ്ടാകുന്നു; ഇത് സ്വാഭാവികമാണ്. മൊബൈല്‍ ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ഭാഗത്ത് ചൂട് കൂടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? . എന്നാല്‍ ഇത്തരത്തില്‍ ചൂട് വര്‍ധിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നിര്‍ത്താതെ തുടരുന്ന പ്രക്രിയയാണ് ‘തെര്‍മല്‍ റണ്‍ എവേ’. ഇതിന്റെ ഭാഗമായി ചൂട് ക്രമാതീതമായി കൂടും, ബാറ്ററി തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം. ബാറ്ററിക്ക് ചാര്‍ജിങ്ങിന് വേണ്ടി നല്‍കുന്ന ഇന്‍പുട്ട് വോള്‍ട്ടേജിന്റെയോ കറണ്ടിന്റെയോ നിയന്ത്രണമില്ലായ്മയും അമിതകറണ്ട് സൃഷ്ടിക്കാനും ചൂട് കൂടാനും കാരണമായേക്കാം.മിക്ക കാര്‍ അപകടങ്ങളിലും വാഹനം പൊട്ടിത്തെറിക്കുന്നത് ബാറ്ററിയ്ക്കുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നത് വ്യക്തമാക്കുന്നു.

ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കാമോ ?

ഒരു ദിവസത്തില്‍ കൂടുതല്‍ ബാറ്ററി നില്‍ക്കണം, കുത്തുന്നതിനു മുന്‍പ് ചാര്‍ജാവണം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്തതാക്കളുടെ ഡിമാന്റ്. ബാറ്ററിയുടെ വേഗത്തിലുള്ള ചാര്‍ജിങ് സാധാരണ ലിഥിയം അയോണ്‍ ബാറ്ററിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

മൊബൈല്‍ ഫോണുകളിലെ ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഗ്രാഫൈറ്റും, ലിഥിയം കൊബാള്‍ട്ട് ഓക്‌സൈഡും ആയിരിക്കും ഇലക്ട്രോഡുകള്‍. ഇതില്‍ ഗ്രാഫൈറ്റാണ് നെഗേറ്റിവ് ഇലക്ട്രോഡ്; ലിഥിയം സാള്‍ട്ടായിരിക്കും ഇലക്ട്രോലൈറ്റ്. ഡിസ്ചാര്‍ജിങ് സമയത്ത് പോസിറ്റിവ് ലിഥിയം അയോണുകള്‍ നെഗറ്റിവ് ഇലക്ട്രോഡില്‍ നിന്നും പോസിറ്റിവ് ഇലക്ട്രോഡില്‍ എത്തുകയും ചാര്‍ജിംഗ് വേളയില്‍ ഈ ലിഥിയം അയോണുകള്‍ പോസിറ്റിവ് ഇലക്ട്രോഡില്‍ നിന്നും നെഗറ്റിവ് ഇലക്ട്രോഡില്‍ എത്തുകയും ചെയ്യും.

വേഗത്തില്‍ ചാര്‍ജിങ് നടക്കുമ്പോള്‍ കൂടുതല്‍ ലിഥിയം അയോണുകള്‍ സ്വതന്ത്രമാകും. ചെറുഘനത്തിലുള്ള ഫൈബര്‍ ഘടനയിലേക്ക് അത് മാറും. ക്രമേണ ഇലക്ട്രോഡുകള്‍ക്കിടയിലെ സെപ്പറേറ്ററുകളില്‍ അവ സുഷിരങ്ങള്‍ സൃഷ്ടിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണകാം. ഇത് ചാര്‍ജിങ് വേളയില്‍ സംഭവിച്ചാലും ഡിസ്ചാര്‍ജിങ് അഥവാ ഫോണ്‍ ഉപയോഗിക്കുന്ന വേളയില്‍ സംഭവിച്ചാലും, തെര്‍മല്‍ റണ്‍ എവേ സംജാതമായി അപകടം സംഭവിച്ചേക്കാം. അതുകൊണ്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നത് ഇത്തരം ബാറ്ററി അപകടങ്ങളിലെ ഒരു വില്ലനായി പരിഗണിക്കാം.

അമിത ചാർജിങ് നല്ലതാണോ ?

അമിത ചാര്‍ജിങും ബാറ്ററിയെ തകരാറിലാക്കിയേക്കാം. മിക്കവാറും ചാര്‍ജറുകളില്‍ ആട്ടോ കട്ട് ഓഫ് സംവിധാനം ഉള്ളതിനാല്‍ രാത്രി മുഴുവന്‍ കുത്തിയിട്ടിരിക്കുന്ന മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നില്ല. എന്നാല്‍ ഈ സംവിധാനം തകരാറിലാകുമ്പോള്‍ ബാറ്ററി അമിതമായി ചാര്‍ജാകുകയും കൂടുതല്‍ ചൂട് പുറപ്പെടുവിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്‌തേക്കാം.

കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ബാറ്ററിയുണ്ടെങ്കില്‍ മാത്രമേ സ്മാര്‍ട്‌ഫോണ്‍ ശരിക്കും സ്മാര്‍ട്ട് ആവുകയുള്ളൂ. ഈ തിരിച്ചറിവിനാല്‍ മൊബൈല്‍ നിര്‍മ്മാതാക്കള്‍ ബാറ്ററിയുടെ ഗവേഷണ വികസന വിഭാഗം കൂടുതല്‍ ശക്തമക്കി. ലോകമെമ്പാടുമുള്ള ഈ മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പുതിയ ബാറ്ററി കേന്ദ്രിത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള കൂട്ടായ ശ്രമവും നടക്കുന്നുണ്ട്.