മദീന – മദീന പ്രവിശ്യയിൽ 41 തൊഴിൽ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ടൂറിസം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ മേഖല, മാളുകൾ എന്നീ മേഖലകളിലെ 41 തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

മദീന പ്രവിശ്യ സുപ്രീം സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റു കൂടിയായ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെയും മദീന പ്രവിശ്യ എക്‌സിക്യൂട്ടീവ് സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റ് സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മദീന ഗവർണറേറ്റും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവിശ്യയിലെ 41 തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നത്.

വനിതാവൽക്കരിച്ച തൊഴിൽ, പ്രവർത്തന മേഖലകളിൽ വനിതാവൽക്കരണം പാലിക്കൽ നിർബന്ധമാണ്. വനിതകളെ ജോലിക്കു വെക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിച്ചിരിക്കണം. മാളുകളിലെയും സന്നദ്ധ സംഘടനകളിലെയും തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള തീരുമാനം 2019 ഏപ്രിൽ ആറു മുതലും ടൂറിസം മേഖലാ തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള തീരുമാനം 2019 ജൂൺ ഒമ്പതു മുതലും പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

സൗദിവൽക്കരിക്കുന്ന മേഖലകൾ
മാളുകളിലെയും ഹോട്ടലുകളിലെയും ടൂറിസം മേഖലാ സ്ഥാപനങ്ങളിലെയും സന്നദ്ധ സംഘടനകളിലെയും ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഓർഡർ സ്വീകർത്താവ്, സെക്യൂരിറ്റി ജീവനക്കാരൻ, ഫുഡ് സർവീസ് ജീവനക്കാരൻ, ടെലിഫോൺ സെൻട്രൽ ജീവനക്കാരൻ, ഡാറ്റ എൻട്രി റൈറ്റർ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്ക്, സെക്രട്ടറി, ജനറൽ സർവീസ് സൂപ്പർവൈസർ, റൂം സർവീസ് സൂപ്പർവൈസർ, മെയിന്റനൻസ് സൂപ്പർവൈസർ, മാർക്കറ്റിംഗ്, സെയിൽസ് സൂപ്പർവൈസർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഡ്യൂട്ടി സൂപ്പർവൈസർ, ടൂറിസം പ്രോഗ്രാം സൂപ്പർവൈസർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ടെലിഫോൺ സെൻട്രൽ സൂപ്പർവൈസർ, ലേബറർ സൂപ്പർവൈസർ, സെക്യൂരിറ്റി മാനേജർ, ഡ്യൂട്ടി മാനേജർ, മെയിന്റനൻസ് മാനേജർ, റൂം സർവീസ് മാനേജർ, കസ്റ്റമർ സർവീസ് മാനേജർ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ, ടൂറിസം പ്രോഗ്രാം മാനേജർ, ഫ്രന്റ് ഓഫീസ് മാനേജർ, എംപ്ലോയീസ് റിലേഷൻസ് മാനേജർ, മാനവശേഷി മാനേജർ, പർച്ചേയ്‌സിംഗ് റെപ്പ്, സെയിൽസ് റെപ്പ്, സെക്യൂരിറ്റി ടെക്‌നീഷ്യൻ, തൊഴിൽ സുരക്ഷാ ടെക്‌നീഷ്യൻ, അക്കൗണ്ടന്റ്, മാനവശേഷി സ്‌പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് റെപ്പ്, ഇവന്റ് കോ-ഓർഡിനേഷൻ സ്‌പെഷ്യലിസ്റ്റ്, ടിക്കറ്റ് ബുക്കിംഗ് റെപ്പ്, ടൂറിസം പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളാണ് സൗദിവൽക്കരിക്കുന്നത്.