പെട്രോള്‍ പംബിൽ നിങ്ങള്‍ പറ്റിക്കപ്പെടുന്നു !

നിങ്ങള്‍ ആവശ്യപ്പെടുന്ന അത്ര പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളില്‍ നിറക്കുന്നുണ്ടോ?
പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്‌പ്ലെ മാത്രമാണ് നിങ്ങള്‍ നോക്കുക. അതിനുമപ്പുറം റിമോട്ട് കണ്‍ട്രോള്‍ ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസം വിവിധ പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യമായി ഉപഭോക്താവിനെ പറ്റിക്കുന്തായി കണ്ടെത്തിയത്.

ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോള്‍ നല്‍കാതെയാണ് തട്ടിപ്പ്. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തില്‍ പെട്രോള്‍ പന്പ് ഉടമകള്‍ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോള്‍ പമ്പ് ഉടമകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി.

തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നാലു പെട്രോള്‍ പമ്പ് ഉടമകളും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വെട്ടിപ്പ് ഇങ്ങനെ
————-
1- പെട്രോള്‍ പമ്പിലെ മെഷിനിലുള്ള ഡിസ്‌പ്ലെ നോക്കിയാല്‍ തട്ടിപ്പ് അറിയാന്‍ കഴിയില്ല
2- ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന യന്ത്രത്തില്‍ രഹസ്യമായി ചിപ്പ് സ്ഥാപിക്കുന്നു. ഇതിലൂടെ പെട്രോളിന്റെ അളവില്‍ അഞ്ച് മുതല്‍ പത്ത് വരെ കുറവുവരുത്താന്‍ കഴിയുന്നു.
3- വയറുമായി ചിപ്പ് ബന്ധിപ്പിച്ചിട്ടുണ്ടാകും. നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോളാണ് വാങ്ങുന്നതെങ്കില്‍ 940 മില്ലീലിറ്റര്‍ മാത്രമാണ് ലഭിക്കുക.

4- ചിപ്പിനായി മുടക്കേണ്ടത് 3000 രൂപ മാത്രം.
5- പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍. ഇതിലൂടെ പ്രതിമാസം 14 ലക്ഷം രൂപവരെ പമ്പുകള്‍ ലാഭിക്കുന്നുണ്ടെന്നും ടാസ്‌ക് ഫോഴ്‌സ് പറയുന്നു.
ഇനി നടക്കില്ല പെട്രോൾ വെട്ടിപ്പ്

വാഹനത്തിനു പെട്രോൾ അടിക്കാൻ പമ്പിലെത്തുമ്പോൾ നൽകുന്ന പണത്തിനു തുല്യമായ അളവിലാണു പെട്രോൾ നിറയ്ക്കുന്നതെന്ന് ഉറപ്പുണ്ടോ ? ഇല്ലെങ്കിൽ അതറിയാൻ വഴിയുണ്ട്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ മിടുക്കന്മാ‍രും മിടുക്കികളും കണ്ടുപിടിച്ച ഫ്യുവൽ അനലൈസർ വാഹനത്തിൽ ഘടിപ്പിച്ചാൽ മതി. പമ്പിലെ മീറ്ററിൽ കൃത്രിമം കാട്ടി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സംഭവങ്ങൾ പത്രത്തിൽ നിന്നു വായിച്ചറിഞ്ഞതായിരുന്നു പ്രചോദനം.

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അവസാന വർഷ വിദ്യാർഥികളായ ബെൻസ് ഉമ്മൻ, ഗീതിക പ്രസന്നകുമാർ, ഫാത്തിമ സനം, മുഹമ്മദ് ഇല്യാസ് എന്നിവരാണു കണ്ടുപിടിത്തത്തിനു പിന്നിൽ.ഫ്ലോ സെൻസർ, പിഎച്ച് സെൻസർ, ‍ഡിസ്പ്ലേയ്ക്കായി എൽസിഡി സ്ക്രീൻ എന്നിവയടങ്ങുന്ന അനലൈസറിന്റെ നിയന്ത്രണം നിർവഹിക്കുന്നതു പിക് മൈക്രോ കൺട്രോളർ ആണ്. ഉപകരണം വഴി വാഹനത്തിന്റെ പെട്രോൾ ടാങ്കിലേക്കു പെട്രോൾ നിറയ്ക്കുമ്പോൾ അനലൈസറിലെ സ്ക്രീനിൽ കൃത്യമായ അളവ് കാണാം. കൂടാതെ പെട്രോളിന്റെ പിഎച്ച് മൂല്യവും അറിയാം.

(ജലാംശം കൂടുതലുള്ള പെട്രോൾ നിറച്ചാൽ വാഹനത്തിനു പണി കിട്ടും. അതറിയാനാണു പിഎച്ച് മൂല്യം അളക്കുന്നത്.) അനലൈസർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ 2000 രൂപയേ ചെലവു വരൂവെന്നു കുട്ടികൾ പറയുന്നു. പോർട്ടബിൾ ആയോ കാറുകളിലും മറ്റും ഇൻബിൽറ്റ് ആയോ ഘടിപ്പിക്കാൻ കഴിയും. എൻജിനീയറിങ് കോളജിലെ പ്രൊഡകിന്റെ (Product design and development centre) സഹായത്തോടെ നിർമിച്ച അനലൈസർ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്.