സ്വയം സംരംഭം എന്ന സ്വപ്നം മനസിലുള്ളവർക്ക് വഴികാട്ടിയായ ഒരു വീട്ടമ്മ…

സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഒരു വലിയ മാതൃകയാണ്കോഴിക്കോട് കാരന്തൂരിൽ‌ ഷേർളി ജോസ് എന്ന വീട്ടമ്മ. രണ്ടു വർഷം മുൻപു തുടങ്ങി വിജയിപ്പിച്ച ‘കാലിക്കറ്റ് റീ ഏജന്റ് ആൻഡ് കെം’ എന്ന സംരംഭത്തെ പരിചയപ്പെടാം . കാർ ഷാംപൂ, കാർ വാഷ്, ടയർ പോളിഷ്, ‍ഡാഷ് ബോർഡ് പോളിഷ്, ഡിഷ് വാഷ്, മൾട്ടി പർപസ് വാഷ്, ക്ലോറിൻ, ഹാൻഡ് വാഷ്, ഫിനൈൽ, ബാറ്ററി വാട്ടർ, ഡീ അയണൈസ്ഡ് വാട്ടർ, ഡിറ്റർജന്റ് പൗഡർ എന്നിവയാണു പ്രധാന ഉൽപന്നങ്ങൾ.

രണ്ടു വർഷം മുൻപാണു ഈ വീട്ടമ്മ കെമിക്കൽ നിർമാണത്തിലേക്കു കടക്കുന്നത്. മുൻപ് ഫാർമസി ഉൽപന്നങ്ങളുെട വിതരണ സ്ഥാപനം നടത്തിയ പരിചയമുണ്ടായിരുന്നു. അതിന്‍റെ ചുവടുപിടിച്ച് ഹോസ്പിറ്റലുകൾക്ക് ആവശ്യമായ ക്ലീനിങ് ലിക്വിഡുകൾ സ്വയം ഉണ്ടാക്കി വിൽക്കാൻ ശ്രമിച്ചു. സാധ്യതകൾ മനസ്സിലാക്കിയതോടെ ക്ലീനിങ് കെമിക്കൽസിന്റെ നിർമാണത്തിലേക്കു കടന്നു.

തുടക്കത്തിൽ എല്ലാ ഉൽപന്നങ്ങളും ഉണ്ടായിരുന്നില്ല. വിവിധ ഘട്ടങ്ങളിൽ പുതിയ പുതിയ ഉൽപന്നങ്ങൾ കൂട്ടിച്ചേർത്തു സംരംഭം വികസിപ്പിച്ചു കൊണ്ടുവന്നു. ഭർത്താവ് ജോസ് മാത്യു സ്ഥാപനത്തിന്റെ നെടുംതൂണായി നിന്നു വിപണനത്തിൽ ശ്രദ്ധിക്കുന്നു.

മിക്സിങ് പ്രധാനം

പൊതുവിപണിയിൽനിന്നു വാങ്ങുന്ന കെമിക്കലുകൾ പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർത്താണ് ഉൽപന്നങ്ങൾ ഉണ്ടാക്കുക. പൈൻ ഓയിൽ കോമ്പൗണ്ട്, SLS, SLES, പെർഫ്യൂംസ്, കളറുകൾ, സോഡിയം ഹൈഡ്രോക്ലോറൈ‍ഡ്, ആസിഡ് സ്ലറി, ഡിറ്റർജന്റ് പൗഡർ, ഫാബ്രിക് വാഷ് എന്നിവയാണു പ്രധാന അസംസ്കൃത വസ്തുക്കൾ. ഇവ സുലഭമായി ലഭിക്കുന്നു.

ഓർഡർ നൽകി കോയമ്പത്തൂർ, എറണാകുളം ഭാഗത്തുള്ള സ്വകാര്യകച്ചവടക്കാരിൽനിന്നുമാണു ഇവ ശേഖരിക്കുന്നത്. അവർ തന്നെ സ്ഥലത്ത് എത്തിച്ചു തരും.

ഫിനോയിൽ നിർമിക്കുന്ന വിധം

പൈൻ ഓയിൽ 250 മില്ലി,വെള്ളം 10 ലീറ്റർ, കോംപൗണ്ട് ഒരു ലീറ്റർ എന്നിങ്ങനെ അനുപാതത്തില്‍ എടുത്തു നന്നായി മിക്സ് ചെയ്‌താൽ 11.250 ലീറ്റർ ഫിനോയിൽ ലഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം തറ തുടയ്ക്കാനും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഉൽപന്നമാണ് ഫിനോയിൽ.

നേരിട്ടുള്ള വിൽപനകൾ

ഉൽപന്നം ആവശ്യക്കാർക്കു നേരിട്ടാണു വിൽപന നടത്തുന്നത്. ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, റീ പായ്ക്ക് ചെയ്തു വിൽക്കുന്ന യൂണിറ്റുകൾ, കാറിന്റെ സർവീസ് സെന്ററുകൾ എന്നിവ വഴിയാണു കൂടുതലും കച്ചവടം കിട്ടുന്നത്. ഓർഡർ അനുസരിച്ച് ഏതാനും വിതരണക്കാർ വഴിയും സപ്ലൈ ചെയ്യുന്നു. ധാരാളം സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്.

കോഴിക്കോട്, അങ്കമാലി, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ പതിവായി വാങ്ങുന്നവരുണ്ട്. നേരിട്ടു വിൽക്കുന്നതാണു ലാഭകരം. വിതരണക്കാർ‌ വഴിയാകുമ്പോൾ കമ്മിഷൻ കൊടുക്കേണ്ടി വരും.

ഈ രംഗത്തു മത്സരം ഉണ്ടെങ്കിലും അതനുസരിച്ച് കൂടുതൽ സാധ്യതകളുണ്ട്. അതുപോലെ ഒരുമാസം വരെ ക്രെഡിറ്റ് നൽകേണ്ടി വരാം. എങ്കിലും മികച്ച ക്വാളിറ്റി ഉള്ളതിനാൽ പണം പിരിഞ്ഞു കിട്ടാൻ പ്രയാസമില്ല.

മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം മാത്രം

മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് ഇപ്പോഴുള്ളത്. വാട്ടർ ട്രീറ്റ്മെന്റ് മെഷീൻ, മിക്സിങ് യൂണിറ്റ്, സീലിങ് മെഷീൻ എന്നിവയാണ് മെഷിനറികൾ എന്ന ഗണത്തിൽപ്പെടുത്താവുന്നത്. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഒരുമിച്ചു വലിയ അളവിൽ വാങ്ങുന്നതാണു ലാഭകരം. അതിനാൽ പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരുന്നു.

മൂന്നു ജോലിക്കാർ ഉണ്ടെങ്കിലും കുടുംബസംരംഭമായിട്ടാണു പ്രവർത്തനം. ഭർത്താവ് ജോസിനൊപ്പം മക്കളും അവശ്യഘട്ടങ്ങളിൽ സഹായത്തിനുണ്ടാകും. മകൾ അൽക്ക ബിഎസ്‌സി വിദ്യാർ‌ഥിനിയാണ്. അലക്സ് പത്തിലും ആൽവിൻ ഏഴാം ക്ലാസിലും പഠിക്കുന്നു. പ്രതിമാസം അഞ്ചു മുതൽ ആറു ലക്ഷം രൂപയുടെ വരെ കച്ചവടം ഇപ്പോഴുണ്ട്. ശരാശരി 20 ശതമാനം വരെ ലാഭം പ്രതീക്ഷിക്കാം. ഇപ്രകാരം കണക്കുകൂട്ടിയാൽ പ്രതിമാസം ഒരു ലക്ഷം രൂപ അറ്റാദായമുണ്ട്.
പുതുസംരഭകർക്ക്

സ്ഥിരനിക്ഷേപം കാര്യമായി ഇല്ലാതെ തന്നെ ഇതുപൊലുള്ള സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. വീട്ടിൽത്തന്നെ ആരംഭിക്കാം. ഓരോ ഉൽപ്പന്നത്തിനും വേണ്ട അനുപാതം അനുസരിച്ച് മിക്സ് ചെയ്യാൻ പഠിച്ചാൽ മതി. പ്രതിമാസം തുടക്കത്തിൽ രണ്ടു ലക്ഷം രൂപയുടെ കച്ചവടം ചെയ്താൽ പോലും 40, 000 രൂപ സമ്പാദിക്കാം. ഇതിലൂടെ രണ്ടു പേർക്കു തൊഴിലും നൽകാൻ കഴിയും.

ഈ അറിവ് ഉപകാരപ്രദമെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…