സഊദി തൊഴില്‍ വിസക്ക് ആവശ്യക്കാര്‍ കുറയുന്നു.! കമ്പനികള്‍ റദ്ദാക്കിയത് 3317 വിസകള്‍

റിയാദ്: സഊദി തൊഴില്‍ മേഖലയിലേക്ക് വിദേശികള്‍ കടന്നു വരാന്‍ മടിക്കുന്നതായി കണക്കുകള്‍. ആവശ്യമായ വിസകള്‍ ഉണ്ടായിട്ടും തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികള്‍ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ കടുത്ത പരിഷ്‌കരണങ്ങളാണ് തൊഴില്‍ വിസക്ക് ഡിമാന്റ് കുറയാന്‍ കാരണം. അനുവദിച്ച വിസകളില്‍ 3317 വിസകള്‍ റദ്ദാക്കിയതാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

നടപ്പു സാമ്പത്തിക വര്‍ഷം സ്വകാര്യ മേഖലക്ക് 1,91,584 വിസകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 77 ശതമാനം വിസകളും യഥാസമയത്ത് ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം വളരെ കുറവ് വിസകളാണ് അനുവദിച്ചത്.

2016 ല്‍ സ്വകാര്യ മേഖലക്ക് 14 ലക്ഷം വിസകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ രണ്ടു ലക്ഷത്തില്‍ കുറവ് വിസകളാണ് അനുവദിച്ചത്. 2015 ല്‍ 20 ലക്ഷത്തോളം വിസകളാണ് അനുവദിച്ചിരുന്നത്.