ശ്രദ്ധിക്കൂ.. പ്രവാസീ.. അച്ചടക്കമില്ലാത്തതിന്റെയും അശ്രദ്ധയുടെയും പേരിൽ പ്രവാസികൾ അനുഭവിക്കുന്ന വിഷമങ്ങൾ ചില്ലറയല്ല..

സാമ്പത്തിക അച്ചടക്കമില്ലാത്തതിന്റെയും അശ്രദ്ധയുടെയും പേരിൽ പ്രവാസികൾ അനുഭവിക്കുന്ന വിഷമങ്ങൾ ചില്ലറയല്ല. താൽക്കാലിക രക്ഷക്ക് വേണ്ടിയുള്ള ചെപ്പടിവിദ്യകൾ പ്രവാസിയെ അറ്റമില്ലാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. ഇതിൽനിന്ന് കരകയറാൻ പ്രമുഖ പ്രബോധകൻ നാസർ മദനിയുടെ ഉപദേശം..

കടബാധ്യതകളും മാനസിക പ്രയാസങ്ങളും വെച്ച് താമസിപ്പിക്കാതെ ഗുണകാംക്ഷികളുമായി പങ്കുവെച്ചു വിഷയത്തിൽ പരിഹാരം കണ്ടെത്തുക.
പലിശയിടപാടുകളിൽ നിന്നും വിട്ടു നിൽക്കുക.

ബാധ്യതകൾ പെരുകുമ്പോൾ കുടുംബം കൂടെയുണ്ടെങ്കിൽ അവരെ തൽക്കാലത്തേക്കെങ്കിലും നാട്ടിലേക്ക് പറഞ്ഞയക്കുക.
നമ്മുടെ കുട്ടികളെക്കുറിച്ചുള്ള ചെറിയ വാർത്തകളാണ് നമ്മിലേക്ക് വന്നെത്തുന്നതെങ്കിലും അത് അവഗണിക്കാതെ ശ്രദ്ധിക്കുക.

വ്യക്തികളാണെങ്കിലും കുടുംബങ്ങളാണെങ്കിലും ഇക്കാമ പുതുക്കാനുള്ള കടമ്പ കടക്കുന്നതിനായി മാത്രം പേരിനു ആരോഗ്യ ഇൻഷുറൻസ് എടുക്കാതെ നല്ല കമ്പനിയിൽനിന്നും ആരോഗ്യ ഇൻഷുറൻസ് എടുക്കുക.

മറ്റുള്ളവരുടെ കീഴിൽ കൺസ്ട്രക്ഷൻ ജോലി ചെയ്യുന്നവർ ആഴ്ചയിലോ കൂടിയാൽ മാസത്തിലോ ഇടപാടുകൾ തീർത്ത് കൂലി വാങ്ങിക്കാൻ ശ്രദ്ധിക്കുക.
സ്‌പോൺസറുമായി ഉറപ്പിച്ച സംഖ്യകളിൽ അത് കൊടുക്കുന്നിടത്ത് വീഴ്ച വരുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
ഇടയ്ക്കിടയ്ക്ക് ആവശ്യമായ വൈദ്യ പരിശോധന നടത്തി ആരോഗ്യത്തെക്കുറിച്ചു ബോധമുള്ളവരാകുക.

പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾ കുട്ടികളുടെ ഫീസുകൾ പിന്നെ അടക്കാം എന്ന രൂപത്തിൽ കൂട്ടിവെച്ചു അതൊരു ഭാരമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അനാവശ്യമായ ആർഭാടങ്ങളും അധിക ചിലവുകളും പരമാവധി നിയന്ത്രിക്കുക.
ട്രാഫിക് നിയമങ്ങൾ അനുസരിക്കാനുള്ളതാണ് അവ ലംഘിക്കാനുള്ളതല്ല.